സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ശക്തമായി കൊണ്ടിരിക്കുകയാണ്. മഴ കനത്തതോടെ ആണ് ഡെങ്കിപ്പനി വ്യാപിക്കാൻ തുടങ്ങിയത്. രോഗ ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളെ നേരിടുന്നവർ തീർച്ചയായും കൃത്യസമയത്ത് ചികിത്സ തേടാൻ തയാറാകേണ്ടത് വളരെ പ്രധാനമാണ്. രോഗം വരാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. മഴ കനക്കുന്നതോടെ രോഗം പടരുന്ന കൊതുകുകളും പെരുകാൻ തുടങ്ങും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ രോഗം പടരുന്നത് തടയാം.
ഡെങ്കിപ്പനി പടരുന്നത് എങ്ങനെ?
പൊതുവെ ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്. DENV, 1-4 സെറോടൈപ്പുകൾ DEN-1, DEN-2, DEN-3, DEN-4 എന്നീ വൈറസുകളാണ് ഡെങ്കി വൈറസ് പടർത്തുന്നത്. സാധാരണയായി പകൽ സമയത്താണ് ഈ കൊതുക് കടിക്കുന്നത്. കടിയേറ്റ വ്യക്തിക്ക് 3-14 ദിവസങ്ങൾക്ക് ശേഷമാണ് രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. മൂന്ന് തരത്തിലാണ് ഡെങ്കിപ്പനി കാണപ്പെടുന്നത്. ക്ലാസിക്കല്‍ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് ഫീവര്‍, ഡെങ്കിഷോക് സിന്‍ഡ്രോം എന്നിങ്ങനെ ആണ് രോഗം വരാറുള്ളത്.
പ്രധാന ലക്ഷണങ്ങൾ
അതികഠിനമായ തലവേദനയ്ക്ക് ഒപ്പം പനി ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ശരീരത്തിലും സന്ധികളിലും വേദന അനുഭവപ്പെടുക, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനും, ഛർദ്ദി, എന്നിവയെല്ലാം രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിച്ചാൽ പ്ലേറ്റ് ലെറ്റ് എണ്ണം കുറഞ്ഞ് പോകാറുണ്ട്. ഇത് പലപ്പോഴും ജീവന് പോലും ഭീഷണിയാണ്.
രോഗം വരാതിരിക്കാൻ
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമായ നടപടി. വീടിൻ്റെ ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികൾ ആദ്യം സ്വീകരിക്കുക. കൊതുകുകൾ അധികമായുള്ള സമയത്ത് വീടിന് അകത്ത് കൊതുക് കയാറാതിരിക്കാനുള്ള വഴികൾ സ്വീകരിക്കുക. കതകും ജനലുമൊക്കെ അടച്ചിടാൻ ശ്രമിക്കണം. കൊതുക് കടി കൊള്ളാതിരിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളും അതുപോലെ ക്രീമുകളും ഉപയോഗിക്കാൻ ശ്രമിക്കുക.
ഡെങ്കിപ്പനിയ്ക്കുള്ള ചികിത്സ
രോഗം വരാതിരിക്കാൻ നോക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. രോഗം പിടിപ്പെട്ടാൽ കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രദ്ധിക്കുക. മാത്രമല്ല, രോഗം മൂർച്ഛിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. മരുന്ന് കഴിച്ച് പനി കുറഞ്ഞാലും കുറച്ച് ദിവസം നല്ല വിശ്രമം വളരെ അത്യാവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിർജ്ജലീകരണം ഒഴിവാക്കാനും ഇത് സഹായിക്കും. നല്ല രീതിയിലുള്ള വിശ്രമമാണ് ഏറ്റവും ആവശ്യം. പനി ബാധിച്ചവർ കൊതുക് വലയ്ക്കുള്ളിൽ ഉറങ്ങാനും വിശ്രമിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.