ഏത് രോഗവും ഫലപ്രദമായി ചികിത്സിക്കണമെങ്കിൽ രോഗ ലക്ഷണങ്ങൾ തുടക്കത്തിലേ തന്നെ തിരിച്ചറിയുക എന്നതാണ് പ്രധാനം. ന്യുമോണിയയുടെ കാര്യവും അങ്ങനെ തന്നെ.
ഹൈലൈറ്റ്:
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കാവുന്ന ഒന്നാണിത്.
കൃത്യ സമയത്ത് ചികിതിച്ചില്ലെങ്കിൽ ജീവൻ പോലും അപകടത്തിലാകാം.
കരുതിയിരിക്കണം ഈ ന്യുമോണിയ ലക്ഷണങ്ങൾ
ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ മൂലമാണ് ന്യുമോണിയ (Pneumonia) ഉണ്ടാകുന്നത്. കുട്ടികളെയും മുതിർന്നവരെയും ഇത് ബാധിക്കാം. ന്യുമോണിയ വരാനുള്ള കാരണങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും ഇത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുമെല്ലാം ജനങ്ങളിൽ അവബോധം ജനിപ്പിക്കാൻ എല്ലാ വർഷവും നവംബർ 12 ന് ലോക ന്യുമോണിയ ദിനം (World Pneumonia Day) ആയി ആചരിക്കുകയാണ്
എന്താണ് ന്യുമോണിയ?
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് ന്യുമോണിയ. അണുബാധ മൂലം ശ്വാസകോശത്തിൽ പഴുപ്പും ദ്രാവകങ്ങളും നിറയുന്നത് വഴി സുഗമമായ ശ്വസനം തടസ്സപ്പെടുന്നു. ഇത് ശരീരത്തിൽ ഓക്സിജൻ അളവ് കുറയാനും കാരണമാകും. ഏത് പ്രായത്തിലുള്ളവരെയും ന്യുമോണിയ ബാധിക്കാം. ന്യുമോണിയ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ ചികിത്സ വൈകുകയും ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട ന്യുമോണിയ ലക്ഷണങ്ങൾ
ചുമ - വിട്ടുമാറാത്ത ചുമ ന്യുമോണിയയുടെ പ്രാധാന ലക്ഷണമാണ്. പച്ചയോ മഞ്ഞയോ നിറത്തിലുള്ള കഫം പുറന്തള്ളപ്പെടുന്നത്, കഫത്തിൽ രക്തം കലർന്നിട്ടുണെങ്കിൽ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
പനി - ന്യുമോണിയ പിടിപെട്ടിട്ടുണ്ടെങ്കിൽ ചുട്ടുപൊള്ളുന്ന പനിയും അനുഭവപ്പെടാം. ഈ സമയത്ത് കുളിരും വിയർപ്പും ഒക്കെ ഉണ്ടാകാം. ചികിത്സ വൈകരുത്.
ശ്വാസ തടസ്സം - ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ന്യുമോണിയ ബാധിച്ചവരിൽ കാണപ്പെടുന്ന ഒരു പ്രധാന ലക്ഷണമാണ്. ലളിതമായ ജോലികൾ ചെയ്യുമ്പോഴോ നടക്കുമ്പോഴോ കിടക്കുമ്പോഴോ ഒക്കെ ശ്വാസ തടസം അനുഭവപ്പെടാം.
നെഞ്ചുവേദന - മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം പലപ്പോഴും നെഞ്ചിന്റെ ഭാഗത്ത് അനുഭവപ്പെടുന്ന അസ്വസ്ഥതയും വേദനയും ന്യുമോണിയയുടെ ലക്ഷണമായി കണക്കാക്കുന്നു. ചുമയ്ക്കുമ്പോഴോ ശ്വാസം എടുക്കുമ്പോഴോ ഒക്കെ ഈ വേദന കൂടുതൽ വഷളായേക്കാം.
ക്ഷീണം - ന്യുമോണിയ ശാരീരികമായി ക്ഷീണിപ്പിക്കുകയും ചെയ്യും. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടന്ന് ക്ഷീണം അനുഭവപ്പെടാം.
ആശയക്കുഴപ്പം - ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് പ്രായമായവരിൽ, ന്യുമോണിയ മാനസികമായി ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം.
നഖങ്ങളിലെയും ചുണ്ടുകളിയേലും നിറവ്യത്യാസം - നിങ്ങളുടെ ചർമ്മം, നഖങ്ങൾ, ചുണ്ടുകൾ തുടങ്ങിയ ഭാഗങ്ങളിലൊക്കെ നീലനിറം വ്യാപിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തത്തിലെ ഓക്സിജന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
വിശപ്പില്ലായ്മ - ന്യുമോണിയ ബാധിച്ചവരിൽ വിശപ്പ് ഗണ്യമായി കുറയുകയും ഇത് ക്ഷീണത്തിലേയ്ക്കും ഭാരം കുറയുന്നതിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.
പേശിവേദന - പേശിവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ന്യുമോണിയയ്‌ക്കൊപ്പം തന്നെ അനുഭവപ്പെടാം.
ശ്രദ്ധിക്കേണ്ടത്
രോഗിയുടെ ആരോഗ്യത്തെയും ന്യുമോണിയയുടെ തരത്തെയും (ബാക്ടീരിയ, വൈറൽ, ഫംഗസ്) ആശ്രയിച്ച് രോഗ ലക്ഷണവും അതിന്റെ തീവ്രതയും വ്യത്യാസപ്പെടാം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കേണ്ടതാണ്. കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന ഒരു രോഗാവസ്ഥയേയാണ് ന്യുമോണിയ. അതിനാൽ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ വിദഗ്ധ വൈദ്യ സഹായം രോഗിക്ക് ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുക.