പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹ നിയന്ത്രണത്തിന് ആളുകള്‍ കുറെക്കൂടി പ്രാധാന്യം ഇന്ന് നല്‍കി വരുന്നുണ്ട്. മറ്റൊന്നുമല്ല- ക്രമേണ പ്രമേഹം നമ്മെ നയിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് അസുഖങ്ങളെയും കുറിച്ചുള്ള അറിവും അവബോധവുമാണ് ആളുകളെ ഈ ജാഗ്രതയിലേക്ക് നയിക്കുന്നത്.
ഇത്തരത്തില്‍ പ്രമേഹരോഗികളില്‍ പ്രമേഹം അധികരിച്ചാല്‍ ക്രമേണ പിടിപെടുന്നൊരു പ്രശ്നമാണ് ഡയബെറ്റിക് നെഫ്രോപ്പതി. പ്രമേഹമുള്ളവരും, പ്രിയപ്പെട്ടവര്‍ക്ക് ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അവരുമെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് ഇത്. പ്രമേഹം പല അവയവങ്ങളെയും കാലക്രമേണ ബാധിക്കാമെന്ന് പറഞ്ഞുവല്ലോ. കണ്ണുകള്‍, ഹൃദയം, കരള്‍, തലച്ചോര്‍ എന്നിങ്ങനെ പല അവയവങ്ങളും ബാധിക്കപ്പെടാം.
ഇത്തരത്തില്‍ പ്രമേഹം വൃക്കകളെ ബാധിക്കുന്നൊരു അവസ്ഥയാണ് ഡയബെറ്റിക് നെഫ്രോപ്പതി. രക്തത്തിലെ ഉയര്‍ന്ന ഷുഗര്‍നില വൃക്കകകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സൃഷ്ടിക്കുന്നത് വഴിയാണ് ഡയബെറ്റിക് നെഫ്രോപ്പതിയുണ്ടാകുന്നത്.
പോകെപ്പോകെ വൃക്കയുടെ ആകെ പ്രവര്‍ത്തനം തന്നെ ബാധിക്കപ്പെടുന്ന അവസ്ഥയിലേക്കും രോഗി എത്താം. ഇതിന് വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ രോഗിയോ രോഗിയുമായി ബന്ധപ്പെട്ടവരോ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാം. കാരണം വൃക്ക ഈ രീതിയില്‍ ബാധിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയത് ഭേദപ്പെടുത്തുക സാധ്യമല്ല.
ഇതില്‍ ഭയപ്പെടുത്തുന്ന ഏറ്റവും വലിയ സംഗതി എന്തെന്നാണ് ഡയബെറ്റിക് നെഫ്രോപ്പതിയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ശരീരം അങ്ങനെ പ്രകടിപ്പിക്കില്ല എന്നതാണ്. ഇടയ്ക്കിടെയുള്ള ചെക്കപ്പ് മാത്രമാണ് സമയത്തിന് ഈ രോഗം കണ്ടുപിടിക്കാനുള്ള ഏകമാര്‍ഗം.
എങ്കിലും ചില ലക്ഷണങ്ങള്‍ ഡയബെറ്റിക് നെഫ്രോപ്പതിയിലും കാണാം. വൃക്ക ബാധിക്കപ്പെടുമ്പോള്‍ കാണാറുള്ള ലക്ഷണങ്ങള്‍ തന്നെയാണിവയും. എപ്പോഴും ക്ഷീണവും തളര്‍ച്ചയും, ഇടവിട്ട് മൂത്രശങ്ക, കാലിലും പാദങ്ങളിലുമെല്ലാം നീര് എന്നിവയാണീ ലക്ഷണങ്ങള്‍. ഇതെല്ലാം വൃക്ക ബാധിക്കപ്പെട്ട ശേഷം കാണുന്ന ലക്ഷണങ്ങളാണ്. ഈ ഘട്ടത്തിലും ചികിത്സ വൈകാം.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ നിയന്ത്രിക്കുകയും എല്ലാ ഇടവേളകളിലും ഷുഗര്‍ ചെക്ക് ചെയ്യുകയും കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാൻ ഇനിയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുകയാണ് ഡയബെറ്റിക് നെഫ്രോപ്പതിയടക്കം പല പ്രമേഹ- അനുബന്ധ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ചെയ്യേണ്ടത്. പ്രമേഹമുള്ളവര്‍ ഒപ്പം തന്നെ ബിപിയും ചെക്ക് ചെയ്തുകൊണ്ടിരിക്കണം. ഇതും വളരെ പ്രധാനമാണ്.