ഭൂരിഭാഗം സ്ത്രീകളിലും കണ്ടുവരുന്ന അവസ്ഥയാണ് പിസിഒഎസ്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നറിയപ്പെടുന്ന പിസിഒഎസ് പ്രത്യത്പാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന പ്രധാന ഹോർമോൺ തകരാറുകളിലൊന്നാണ്. ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ടാണ് ഇത്തരം പ്രശ്നമുള്ളവർ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നം. ക്രമമായ ആർത്തവ ചക്രത്തെ പിസിഒഎസ് തടസപ്പെടുത്തുന്നു. മാത്രമല്ല അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങളെ പുറത്ത് വിടുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നു. അങ്ങനെ ഗർഭധാരണം വളരെ ബുദ്ധിമുട്ട് ഉള്ളതായി മാറുകയാണ് ചെയ്യുന്നത്. പിസിഒഎസും ഹൃദയാരോഗ്യവും തമ്മിൽ ചെറുതല്ലാത്തൊരു ബന്ധമുണ്ടെന്ന് തന്നെ പറയാം.
പിസിഒഎസും ഹൃദയാഘാതവും
പിസിഒഎസ് ഉള്ള സ്ത്രീകളിൽ സാധാരണമായ ടെസ്റ്റോസ്റ്റിറോൺ, ഇൻസുലിൻ പ്രതിരോധം എന്നിവയുടെ ഉയർന്ന അളവുകൾ എൻഡോതെലിയൽ, ഡയസ്റ്റോളിക് അപര്യാപ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അപര്യാപ്തത രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണവും പ്രമേഹവും ഹൃദയാരോഗ്യത്തിന് നേരിട്ട് ഭീഷണി ഉയർത്തുന്നുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഈ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും ആജീവനാന്തം ഹൃദ്രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പിസിഒഎസ് ബാധിച്ച വ്യക്തികൾ അവരുടെ ഹൃദയസംബന്ധമായ അപകട സാധ്യത വർദ്ധിപ്പിക്കുന്ന ജീവിതശൈലി ഒഴിവാക്കാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. ഉദാസീനമായ ശീലങ്ങൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും മദ്യവും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം, ജോലി സംബന്ധമായ അല്ലെങ്കിൽ വ്യക്തിപരമായ സമ്മർദ്ദം, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവയെല്ലാം അപകട സാധ്യത ഏറെ വർധിപ്പിക്കുന്നു.
അമിതവണ്ണം
പിസിഒഎസ് ഉള്ള എല്ലാ സ്ത്രീകൾക്കും അമിതവണ്ണം ഉണ്ടാകണമെന്നില്ല. പക്ഷെ ഭൂരിഭാഗം സ്ത്രീകളും ഈ പ്രശ്നം നേരിടുന്നവരായിരിക്കാം എന്നതാണ് യാഥാർത്ഥ്യം. കൃത്യമായ ഡയറ്റും വ്യായാമവും അമിതവണ്ണത്തിൻ്റെ പ്രശ്നം ഇല്ലാതാക്കാൻ സഹായിക്കുന്ന രണ്ട് ഘടകങ്ങളാണ്. കൃത്യമായി ഇത് പിന്തുടരുന്നവർക്ക് പലപ്പോഴും ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും.
സമ്മർദ്ദം
വീട്ടു ജോലിയും ഓഫീസിലെ ജോലിയുമൊക്കെ കാരണം പലർക്കും വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സമ്മർദ്ദങ്ങൾ പലപ്പോഴും ഹൃദയാരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം. അമിതമായി സമ്മർദ്ദം ഉള്ള സ്ത്രീകൾ യോഗ, മെഡിറ്റേഷൻ പോലെയുള്ള ചെയ്യാൻ ശ്രമിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഉറക്കം
നല്ല ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. ദിവസവും കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ഥിരമായ ഉറക്ക ഷെഡ്യൂളിന് മുൻഗണന നൽകുകയും സുഖപ്രദമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് മികച്ച ഉറക്കത്തിന്റെ ഗുണനിലവാരം പ്രോത്സാഹിപ്പിക്കാനാകും. മൊത്തത്തിലുള്ള ക്ഷേമത്തിനും അതുപോലെ ആരോഗ്യത്തെ പുനഃസ്ഥാപിക്കുന്ന ഉറക്കം നിർണായകമാണ്.
ഭക്ഷണക്രമം
ശരിയായ ഭക്ഷണക്രമം വളരെ പ്രധാനമാണെന്ന് തന്നെ പറയാം. സമീകൃതവും അതുപോലെ ഹൃദയത്തിന് ചേരുന്നതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുഴു ധാന്യങ്ങളും ഇത്തരക്കാർക്ക് നല്ലതാണ്. പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും അതുപോലെ പൂരിത കൊഴുപ്പും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹൃദയാരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.
വ്യായാമം
പതിവ് വ്യായാമം ഹൃദയ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രധാന മാർഗങ്ങളിലൊന്നാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യാൻ ശ്രമിക്കുക. എയറോബിക് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ലിപിഡ് പ്രൊഫൈലുകൾ, അണ്ഡോത്പാദനം, ഇൻസുലിൻ സംവേദനക്ഷമത എന്നിവയെ കാര്യമായ സഹായിക്കൻ ഈ വ്യായാമത്തിന് കഴിയും. വ്യായാമം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.