കേരളത്തിൽ ആശങ്ക പരത്തി കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതോടെ
ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ്
രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊതുകിലൂടെ പടരുന്ന ഈ രോഗത്തെക്കുറിച്ച് പലർക്കും വലിയ ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. വെസ്റ്റ് നൈൽ പനി
എന്താണെന്ന് പ്രധാന ലക്ഷണങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം.
എന്താണ് വെസ്റ്റ് നൈൽ പനി?
ക്യൂലക്സ് എന്ന കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. പക്ഷികളിലും ഈ രോഗബാധ കാണാറുണ്ട്. ഈ
രോഗബാധ മനുഷ്യരിൽ മാരകമായ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് പറപ്പെടുന്നത്. 1937ൽ
ഉഗാണ്ടയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായി 2011ലാണ് രോഗം സ്ഥിരീകരിച്ചത്.
2019ൽ മലപ്പുറത്ത് ആറ് വയസുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരണപ്പെട്ടിരുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്
പൊതുവെ ഈ രോഗം പടരില്ല. എന്നാൽ പക്ഷികൾക്കും മൃഗങ്ങളെയുമൊക്കെ കൊതുക് കടിക്കും.
പ്രധന ലക്ഷണങ്ങൾ എന്തൊക്കെ
കടുത്ത തലവേദന, പനി, കഴുത്ത് വേദന, തലകറക്കം, ഓർമ്മ നഷ്ടപ്പെടുക എന്നിവയെല്ലാം വെസ്റ്റ് നൈൽ പനിയുടെ
ലക്ഷണങ്ങളാണ്. എല്ലാ പ്രായകാർക്കും ഈ രോഗം പിടിപ്പെടാം. ചിലർക്ക് ഛർദ്ദിലും ഉണ്ടാകാറുണ്ട്. തലച്ചോറിനെ
ബാധിക്കുന്നത് മൂലം ചിലർക്ക് ബോധക്ഷയവും മരണവും വരെ സംഭവിക്കാറുണ്ട്. ജപ്പാന ജ്വരത്തെ അപേക്ഷിച്ച് മരണ
സംഖ്യ വളരെ കുറവാണ്
എങ്ങനെ രോഗം പ്രതിരോധിക്കാം
കൊതുകളിൽ നിന്നാണ് രോഗം പടരുന്നത്. അതുകൊണ്ട് തന്നെ രോഗം വരാതിരിക്കാൻ കൊതുക് കടി ഏൽക്കാതിരിക്കാൻ
ശ്രദ്ധിക്കുക. രോഗത്തിന് പ്രത്യേകിച്ച് വാക്സിനോ കൃത്യമായ ചികിത്സയോ ഇല്ല. വീടും പരിസരവും വ്യത്തിയായി
സൂക്ഷിക്കുന്നതിലൂടെ കൊതുകിൻ്റെ വ്യാപനം കുറയ്ക്കാം. പൊതുവെ ചെളി വെള്ളത്തിലാണ് വെസ്റ്റ് നൈൽ പരത്തുന്ന
കൊതുകുകൾ വളരുന്നത്. രാത്രി കടിക്കുന്ന കൊതുകുകളാണ് പൊതുവെ ഈ രോഗം പടർത്തുന്നത്. കൊതുക് വലകൾ
ഉപയോഗിക്കുക, കൊതുകിനെ തുരത്തുന്ന ലേപനങ്ങൾ പുരട്ടുക, കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോഗിക്കുക
എന്നതൊക്കെ ഫലപ്രദമായ മാർഗങ്ങളാണ്.