പലരെയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ് വാതം. പലപ്പോഴും വാതം പ്രായമായവരെയാണ് ബാധിക്കുന്നതായി നാം കേട്ടിട്ടുള്ളത്. എന്നാൽ വാതം പല തരത്തിലുണ്ട്. ഓരോന്നിന്റെയും ലക്ഷണങ്ങളും ചികിത്‌സയും വ്യത്യസ്തമാണ്. ഒരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയായ വാതം മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളെ സാരമായി ബാധിക്കുന്ന ഒരു വാതമാണ് ജുവനൈൽ ആർത്രൈറ്റിസ്.
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ സന്ധിവാതമാണ് ജുവനൈൽ ആർത്രൈറ്റിസ്. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. ഇന്ത്യയിൽ ആയിരത്തിൽ ഒന്ന് എന്ന വിധത്തിൽ കുട്ടികളെ ബാധിക്കുന്നു. വിട്ടുമാറാത്ത വേദന, സന്ധികളിൽ കാഠിന്യം, വളർച്ചക്കുറവ്, ചലനശേഷി കുറയൽ തുടങ്ങി നിരവധി വെല്ലുവിളികൾ ഇത്തരം കുട്ടികൾ നേരിടുന്നു. ഇത് കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.
നേരത്തെ തന്നെ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ജ്യുവനൈൽ ആർത്രൈറ്റിസ് ചികിത്സയിൽ ഏറ്റവും പ്രധാനം. നേരത്തെ രോഗം കണ്ടെത്തി, സമയബന്ധിതമായി ചികിത്സ ആരംഭിക്കുന്നത് ദീർഘകാലവൈകല്യങ്ങൾ, സന്ധികളുടെ ക്ഷതം എന്നിവ സാരമായി കുറയ്ക്കും. നേരത്തെ രോഗനിർണ്ണയം നടത്തുന്നത് വഴി കൃത്യമായ ചികിത്‌സാരീതികൾ ,മരുന്നുകൾ, തെറാപ്പി, ജീവിതശൈലി മാറ്റങ്ങൾ എന്നിവ വരുത്തി ഉചിതമായ മാർഗ്ഗം സ്വീകരിക്കാൻ കഴിയും
സന്ധികളിൽ വേദന, വീക്കം,അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം. ഇത് ചലിക്കുന്നതിനും കുട്ടികൾക്ക് കളിക്കുന്നതിനും ഊർജ്ജസ്വലരായി കാര്യങ്ങൾ ചെയ്യുന്നതിനും ഭംഗം വരുത്തുന്നു. വാതം പല തരത്തിലുണ്ട്. ഓരോ തരം വാതത്തിന്റെയും ലക്ഷണങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള മരുന്നുകളും തെറാപ്പിയും വ്യത്യസ്തമായിരിക്കും. ലക്ഷണങ്ങൾ ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികൾ വിട്ടുമാറാത്ത വേദന, സന്ധികളിൽ കാഠിന്യം, ചലനശേഷി കുറയൽ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നു, ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെയും സ്‌കൂളിലെ കളികളെയും എല്ലാം സാരമായി ബാധിക്കും. രോഗം മൂലമുണ്ടാകുന്ന ശാരീരിക പരിമിതികൾ കാരണം , നടക്കുന്നതിനും വസ്തുക്കളെ മുറുകെ പിടിക്കുന്നതിനും കൂട്ടുകാരുമായി കളിക്കുന്നതിനുമെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
കൂടാതെ, അവർക്ക് വൈകാരികമായ വിഷമതകളും,സമ്മർദ്ദവും, സാമൂഹിക ഒറ്റപ്പെടലും അനുഭവപ്പെട്ടേക്കാം. കൂടാതെ, ജുവനൈൽ ആർത്രൈറ്റിസ് കണ്ണ്, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിങ്ങനെ വിവിധ ശരീരഭാഗങ്ങളെ ബാധിക്കും. അതിനാൽ ശ്രദ്ധാപൂർവമായ നിരീക്ഷണവും ചികിത്സയും ഇത്തരം കുട്ടികൾക്ക് അത്യാവശ്യമാണ്.
വ്യായാമം സന്ധികളുടെ ആരോഗ്യം നിലനിർത്തുന്നതിനായി കൃത്യമായ വ്യായാമം അത്യാവശ്യമാണ്. പേശികളെയും സന്ധികളെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിനായി അതികഠിനമല്ലാത്ത വിധത്തിൽ പല വ്യായാമങ്ങളും ചെയ്യണം. നടക്കുക,സൈക്കിളിംഗ്, നീന്തൽ പോലുള്ള വ്യായാമങ്ങൾ ഉത്തമമാണ്. എല്ലാ ദിവസവും 30 -40 മിനിറ്റ് സന്ധികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങൾ ചെയ്യണം.
ചികിത്സ പ്രാരംഭലക്ഷണങ്ങൾ കാണുമ്പോൾ തന്നെ രക്ഷിതാക്കൾ ജ്യുവനൈൽ ആർത്രൈറ്റിസിനെതിരെ കരുതലുകൾ സ്വീകരിക്കണം. സന്ധികളിൽ വീക്കവും വേദനയും കാണുമ്പോൾ പരിശോധിക്കാതെയും ചികിത്സിക്കാതെയും ഇരുന്നാൽ അത് എല്ലുകളെയും സന്ധികളെയും സാരമായി ബാധിക്കും. അതിനാൽ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും കുട്ടികളെ പിടിച്ചുയർത്താൻ രക്ഷിതാക്കൾ കുട്ടികളുടെ രോഗാവസ്ഥ മനസ്സിലാക്കി കൂടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. മറ്റു മുൻകരുതലുകൾ ചുവടെ കൊടുക്കുന്നവയാണ്.
ചിട്ടയായ പരിശോധനകൾ ശിശുരോഗ വിദഗ്ധൻ, വാതരോഗ വിദഗ്ധൻ, പീഡിയാട്രിക് ഓർത്തോപീഡിക് സർജന്മാർ, മറ്റ് വിദഗ്ധർ എന്നിവരെ പതിവായി സന്ദർശിച്ചു രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കുകയും അതിനനുസരിച്ച് ചികിത്സാ പദ്ധതികൾ സ്വീകരിക്കുകയും വേണം. കൃത്യമായി മരുന്ന് കഴിക്കുക വീക്കം, വേദന എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കുട്ടിക്ക് നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾ കൃത്യമായി നൽകണം. ശരിയായ പോഷകാഹാരം പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
മൃദുവായ വ്യായാമം മൃദുവായ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് സന്ധികളുടെ വഴക്കത്തിനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കും. വൈകാരിക പിന്തുണ വിട്ടുമാറാത്ത രോഗാവസ്ഥയുമായി ഇടപെടുന്നത് കുട്ടികൾക്ക് വൈകാരികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ്. അതിനാൽ അവർക്ക് വൈകാരിക പിന്തുണയും തുറന്ന ആശയവിനിമയത്തിനുള്ള സാഹചര്യവും നൽകുക. ഇത് കുട്ടികൾക്ക് കൂടുതൽ കരുത്തു നൽകും. അവബോധം സൃഷ്ടിക്കുക അധ്യാപകരെയും സഹപാഠികളെയും സുഹൃത്തുക്കളെയും ജ്യുവനൈൽ ആർത്രൈറ്റിസിനെക്കുറിച്ചു ബോധവൽക്കരിക്കുന്നത് നല്ലതാണ്. ഇത് കുട്ടികൾക്ക് സ്‌കൂളിലും കളിക്കിടയിലും സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.