പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഹോർമോൺ അവസ്ഥയാണ് പിസിഒഎസ്. ഇത് ക്രമരഹിതമായ ആർത്തവം, ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കൽ, മുഖക്കുരു, മുഖത്തെ രോമവളർച്ച എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഹോർമോൺ അവസ്ഥയാണ് പിസിഒഎസ്. ഇത് ക്രമരഹിതമായ ആർത്തവം, ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കൽ, മുഖക്കുരു, മുഖത്തെ രോമവളർച്ച എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പിസിഒഎസ് ഏകദേശം അഞ്ച് മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇത്, പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിലൊന്നായി മാറിയിരിക്കുകയാണ്. പിസിഒഎസിന്റെ അടിസ്ഥാന കാരണം ഇൻസുലിൻ പ്രതിരോധത്തെ അടിസ്ഥാനമാക്കിയാണ്.
പിസിഒഎസ് പ്രത്യുൽപ്പാദന വ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. അത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ള ആളുകൾ ഹൃദ്രോഗത്തിന് ഇരയാകുന്നതും വളരെ അധികമാണ്. ഇത് മാനസിക ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ക്ഷീണം, പകൽ ഉറക്കം, കൂടുതൽ ഉപാപചയ സങ്കീർണതകൾ എന്നിവ ഉണ്ടാകാം.
ഈ അവസ്ഥയെ പഴയപടിയാക്കാനോ പൂർണ്ണമായും സുഖപ്പെടുത്താനോ കഴിയുന്ന ഒരു ചികിത്സയും ഇല്ല. മറ്റ് ഉപാപചയ അവസ്ഥകളെപ്പോലെ, ചില ജീവിതശൈലി മാറ്റങ്ങൾ, ഭക്ഷണ ശീലങ്ങൾ എന്നിവ ഉപയോഗിച്ച് മാത്രമേ ഇത് കൈകാര്യം ചെയ്യാൻ കഴിയൂ. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നത് പിസിഒഎസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം- നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മികച്ചതാക്കാനും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കും. അമിതമായ അല്ലെങ്കിൽ മോശം ഹോർമോണുകൾ ഒഴിവാക്കുകയും ഹോർമോൺ ബാലൻസ് സൃഷ്ടിക്കുകയും ചെയ്യും.
ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക - പരിപ്പ്, വിത്തുകൾ, പശുവിൻ പാൽ, നെയ്യ്, കോൾഡ് പ്രസ്ഡ് ഓയിൽ എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക. നമ്മുടെ പ്രത്യുത്പാദന ഹോർമോണുകൾ കൊളസ്ട്രോൾ കൊണ്ട് നിർമ്മിച്ച സ്റ്റിറോയിഡ് അധിഷ്ഠിത ഹോർമോണുകളാണ്. അതിനാൽ, ഹോർമോൺ ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമാണ്.
കഫീൻ ഉള്ളടക്കം ശ്രദ്ധിക്കുക- പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകും. കൂടുതലായി കഫീൻ ശരീരത്തിലെത്തുന്നത് പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കും. അതിനാൽ, കഫീൻ ഉള്ളടക്കം കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
കൂടുതൽ സസ്യാധിഷ്ഠിത പ്രോട്ടീൻ കഴിക്കുക- 60-80 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതികരണം എന്നിവ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ സസ്യാധിഷ്ഠിത പ്രോട്ടീനിൽ പയർ, ചെറുപയർ, ബീൻസ്, പരിപ്പ്, വിത്തുകൾ എന്നിവ ഉൾപ്പെടുന്നു.
നല്ല ഉറക്കം ശീലമാക്കുക- മോശം ഉറക്കം അമിതവണ്ണം ഉണ്ടാകുന്നതിനും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുമുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം പിസിഒഎസിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പിസിഒഎസ് രോഗികളിൽ ജീവിതശൈലി പരിഷ്‌ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ശരിയായ ഉറക്കം ശീലമാക്കുക എന്നത്.
വ്യായാമം ശീലമാക്കുക- മിക്ക ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള പ്രധാന പോംവഴി പതിവായി വ്യായാമം ചെയ്യുക എന്നതാണ്.
പിസിഒഎസിന്റെ ലക്ഷണങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. ചില ചെറിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇതിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ കഴിയുമെങ്കിലും ശരിയായ നടപടി ക്രമം ചാർട്ട് ചെയ്യാൻ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.