കുട്ടികളിലും ശിശുക്കളിലും സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയൽ അണുബാധയാണ് മൂത്രാശയ അണുബാധ (UTI). 14 വയസ്സിന് മുമ്പ് മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത ആണ്‍കുട്ടികളില്‍ ഏകദേശം 3% ആണ്, പെണ്‍കുട്ടികളില്‍ ഇത് 8-10% ആണ്. ഈ അസുഖത്തിന് ശിശുക്കളിലും കുട്ടികളിലും പ്രത്യേക രോഗലക്ഷണങ്ങള്‍ ഒന്നും കാണില്ല. എന്നാല്‍ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ യുടിഐ ചിലപ്പോള്‍ ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ഇത് വിട്ടുമാറാത്ത രക്തസമ്മര്‍ദ്ദത്തിനും വൃക്കരോഗത്തിനും വരെ കാരണമാകാം.
മലത്തിൽ നിന്നുള്ള ബാക്ടീരിയ അല്ലെങ്കില്‍ മൂത്രനാളത്തിന് ചുറ്റും നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിക്കുമ്പോഴാണ് കുട്ടികള്‍ക്ക് മൂത്രാശയ അണുബാധ ഉണ്ടാകുന്നത്. ഇത് മൂത്രനാളിയിലും മൂത്രസഞ്ചിയിലും (മൂത്രനാളിയുടെ ഏറ്റവും താഴെയുള്ള ഭാഗം) അണുബാധയ്ക്ക് കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് വെസിക്യൂറെറ്ററല്‍ റിഫ്‌ലക്‌സ് (VUR) എന്ന അവസ്ഥയുള്ള കുട്ടികളില്‍. യഥാസമയം അസുഖം കണ്ടെത്തുകയും ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്താല്‍, സങ്കീര്‍ണതകള്‍ കുറക്കാവുന്നതാണ്.
മൂത്രാശയ അണുബാധ ഉള്ള ശിശുക്കളിലും ആവര്‍ത്തിച്ച് അണുബാധയുണ്ടാകുന്ന കുട്ടികളിലും വൃക്കകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും വിയുആര്‍ ഒഴിവാക്കാനും നിങ്ങളുടെ ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാനുകളും പ്രത്യേക പരിശോധനകളും നിര്‍ദ്ദേശിക്കാറുണ്ട്. മൂത്രമൊഴിക്കുമ്പോഴുള്ള നീറ്റൽ, ആവൃത്തിച്ച് മൂത്രമൊഴിക്കുന്നത്, നടുവേദന, വയറുവേദന എന്നിവ പോലുള്ള യുടിഐയുടെ സാധാരണ ലക്ഷണങ്ങള്‍ മുതിര്‍ന്ന കുട്ടികളില്‍ കാണാവുന്നതാണ്. എന്നിരുന്നാലും ശിശുക്കളിലും പിഞ്ചുകുഞ്ഞുങ്ങളിലും ലക്ഷണങ്ങള്‍ ഇങ്ങനെയായിരിക്കണമെന്നില്ല, അതിനാല്‍ അവരെ വളരെയധികം ശ്രദ്ധിക്കണം. ചില അസാധാരണമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ കുട്ടിയെ ശിശുരോഗവിദഗ്ദ്ധനെ കാണിക്കണം.
കുട്ടികളില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
1. ശരീരഭാരം കൂട്ടാതിരിക്കുക: ശിശുക്കളിൽ ഇത് ഒരു സാധാരണ ലക്ഷണമാണ്, അത് ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കുട്ടിയില്‍, വിശപ്പില്ലായ്മയുമായി ബന്ധപ്പെട്ടതോ അല്ലാതയോ ശരീരഭാരം കുറയും. ഈ ഘട്ടത്തില്‍ മൂത്രാശയ അണുബാധ കണ്ടെത്തുകയും ഫലപ്രദമായ ചികിത്സക്ക് ശേഷമുള്ള മാസങ്ങളില്‍ കുട്ടിക്ക് നല്ല ഭാരം വര്‍ദ്ധിക്കുന്നതായും കാണാം.
2. വയറിളക്കം, ഛര്‍ദ്ദി: ചില സാഹചര്യങ്ങളില്‍ വയറിളക്കം, പനി, ഛര്‍ദ്ദി എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് കാരണങ്ങളൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.
3. പനി: 48 മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ പനിയും വിറയലും ഉണ്ടെങ്കില്‍ അത് വിലയിരുത്തേണ്ടതുണ്ട്, അതിന് കുട്ടിയെ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കണം
4. കിടക്കയില്‍ മൂത്രമൊഴിക്കല്‍: ടോയ്‌ലെറ്റില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു മുതിര്‍ന്ന കുട്ടി, രാത്രി കിടക്കയില്‍ മൂത്രമൊഴിച്ചാല്‍ അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മൂത്രാശയ അണുബാധയുടെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും. ശുചിത്വം പാലിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ ഡയപ്പറുകള്‍ ഇടയ്ക്കിടെ മാറ്റുക, മൂത്രനാളത്തിലേയ്ക്ക് മലം കയറുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന് പിന്നിലേക്ക് കഴുകുക, പെണ്‍കുട്ടികളില്‍ ഈ രീതി വളരെ പ്രധാനമാണ്.
സ്‌കൂളില്‍ പോകുന്ന മുതിര്‍ന്ന കുട്ടികള്‍ നന്നായി വെള്ളം കുടിക്കുന്നുണ്ടെന്നും മൂത്രം ഒഴിക്കുന്നുണ്ടോയെന്നും ഉറപ്പാക്കുക. സ്‌കൂളുകളിലോ യാത്രയിലോ പോകുമ്പോള്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കാനുള്ള വിമുഖത, മലബന്ധം എന്നിവ രണ്ടും യുടിഐക്ക് കാരണമാകും. ചില പെണ്‍കുട്ടികള്‍ക്ക് ലാബിയ സൈനിച്ചിയ (labia “synechiae”) ഉണ്ടാകാം, ഇത് ചിലപ്പോള്‍ മൂത്രം തുള്ളിതുള്ളിയായി പോകുന്നതിനും ബാക്ടീരയയുടെ സാന്നിധ്യം കൊണ്ട് അണുബാധ ഉണ്ടാകാനും കാരണമാകുന്നു.
ആണ്‍കുട്ടികള്‍ക്ക് ഫിമോസിസ് (അഗ്രചര്‍മ്മം പിന്‍വലിക്കാനുള്ള ബുദ്ധിമുട്ട്) ഉണ്ടാകാം, ഇത് ജനനസമയത്ത് സാധാരണമാണ്, എന്നാല്‍ മിക്ക കുട്ടികളിലും 3-4 വയസ്സ് പ്രായമാകുമ്പോള്‍ അത് പരിഹരിക്കപ്പെടും. ഫിമോസിസ് ഒരു ദോഷകരമല്ലാത്ത അവസ്ഥയാണ്, എന്നിരുന്നാലും കുട്ടിക്ക് ആവര്‍ത്തിച്ചുള്ള യുടിഐകള്‍ ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
ഉചിതമായ ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കുന്നതിന് യുടിഐ രോഗനിര്‍ണയം വളരെ പ്രധാനമാണ്. ജനനേന്ദ്രിയ ഭാഗം നന്നായി കഴുകിയ ശേഷം അണുവിമുക്തമാക്കിയ ശേഷം കള്‍ച്ചര്‍ ശേഖരിക്കണം. ചില സന്ദര്‍ഭങ്ങളില്‍, കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഡോക്ടര്‍ കത്തീറ്ററൈസ്ഡ് സാമ്പിള്‍ പരിശോധനക്ക് നിര്‍ദേശിച്ചേക്കാം. കള്‍ച്ചറിനെ അടിസ്ഥാനമാക്കി, ക്ലിനിക്കല്‍ അവസ്ഥയും അണുബാധയുടെ തീവ്രതയും അടിസ്ഥാനമാക്കി 7-14 ദിവസത്തേക്കുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കും. മൂത്രാശയ അണുബാധയുടെ ആവര്‍ത്തനവും സങ്കീര്‍ണതകളും കുറയ്ക്കുന്നതിന്, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ആന്റിബയോട്ടിക്കുകളുടെ മുഴുവന്‍ കോഴ്‌സും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണ്.