മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനം. പുകവലിയും പുകയില ഉത്പ്പന്നങ്ങൾക്കും എതിരെയുള്ള
ബോധവത്കരണത്തിനാണ് ഈ ദിനം ആചരിക്കുന്നത്.
മനുഷ്യ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് മദ്യപാനവും പുകവലിയുമൊക്കെ. ദിവസവും പുകവലിക്കുന്നത്
വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഹൃദ്രോഗവും പല തരത്തിലുള്ള ക്യാൻസറിനും പുകവലി
കാരണമാകാറുണ്ട്. പുകവലിയ്ക്ക് അടിമകളായിട്ടുവർ ഇത് പാടെ ഉപേക്ഷിക്കുന്നതായിരിക്കും ആരോഗ്യത്തിന് ഏറെ നല്ലത്.
ഹൃദയത്തിൻ്റെ പ്രവർത്തനത്തെ പുകവലി നേരിട്ട് ബാധിക്കാറുണ്ട്. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുക മാത്രമല്ല,
രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ ഞെരുക്കുകയും ചെയ്യുന്നു. സിഗരറ്റ് വലിക്കുമ്പോൾ ശരീരത്തിൽ വലിയ
രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഹൃദയമിടിപ്പ്
എപ്പോഴും പുകവലിക്കുന്നവർക്ക് ഹൃദയമിടിപ്പ് വളരെ കൂടുതലായിരിക്കും. സിഗരറ്റിലെ പുകയിലയിൽ അടങ്ങിയിരിക്കുന്ന
നിക്കോട്ടിൻ അഡ്രിനാലിൻ റിലീസിനെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി
കഴിഞ്ഞ് നിമിഷങ്ങൾക്കകം അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. അമിതമായ ഹൃദയമിടിപ്പ്
ഹൃദയ പ്രവർത്തനങ്ങളെ പോലും ബാധിച്ചേക്കാം.
രക്തസമ്മർദ്ദം കൂട്ടും
നിശബ്ദനായ കൊലയാളിയാണ് രക്തസമ്മർദ്ദം. ഇത് പലപ്പോഴും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന
കാരണങ്ങളിലൊന്നാണ്. 35 മുകളിൽ പ്രായമുള്ളവരിൽ ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത ഏറെ കൂടുതലാണ്.
നിക്കോട്ടിൻ ഉള്ളടക്കം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും അതുവഴി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തൽഫലമായി, ഹൃദയത്തിൻ്റെ സമ്മർദ്ദം വർദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
ഓക്സിജൻ അളവ് കുറയ്ക്കുന്നു
പുകവലിക്കുന്നവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് രക്തത്തിലെ ഓക്സിജൻ അളവ് കുറഞ്ഞ് പോകുന്നത്. പുകയിലയിൽ
കാർബൺ മോണോക്സൈഡ് അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനുമായി ബന്ധിപ്പിക്കുകയും
ഓക്സിജനുമായി മത്സരിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളിൽ ഓക്സിജൻ വിതരണം കുറയ്ക്കുന്നു. അങ്ങനെ
ടിഷ്യൂകളിലേക്കും ഹൃദയപേശികളിലേക്കും ഓക്സിജൻ വിതരണം കുറയുന്നു.
രക്തം കട്ട പിടിക്കുന്നു
പുകവലി രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. രക്തം കട്ടപിടിച്ചാൽ അത് തലച്ചോറിലേക്കും
ഹൃദയത്തിലേക്കും ശരിയായ രീതിയിൽ രക്തം നൽകില്ല. ഇത് ഹൃദയാഘാതത്തിനോ അല്ലെങ്കിൽ ഹൃദയ സംബന്ധമായ
അസുഖങ്ങൾക്കോ കാരണമായേക്കാം. രക്തം കട്ട പിടിക്കുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകും.
പക്ഷാഘാതം
പുകവലിക്കുന്നവർക്ക് ഏറ്റവും കൂടുതൽ കണ്ടു വരുന്ന പ്രശ്നമാണ് പക്ഷാഘാതം അഥവ സ്ട്രോക്ക്. തലച്ചോറിലേയ്ക്ക്
പോകുന്ന രക്തധമനികളിൽ തകരാർ ഉണ്ടാകുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന
ആഘാതമാണ് സ്ട്രോക്ക്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം
എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും.