കണ്‍ജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് കണ്ണില്‍ നോക്കിയാല്‍ പകരും എന്ന് നാം പൊതുവേ കേള്‍ക്കാറുണ്ട്. ഇതെക്കുറിച്ചുള്ള വാസ്തവം അറിയൂ.
ചെങ്കണ്ണ് ഇന്ന് വ്യാപകമായി പടര്‍ന്ന് വരുന്നു. കണ്‍ജങ്റ്റിവൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിന് ചുവപ്പ് നിറവും അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കുന്ന ഇത് സാധാരണ ചൂടുകാലത്താണ് വരുന്നതെങ്കിലും ചിലപ്പോള്‍ ഇതല്ലാത്ത കാലത്തും വരാറുണ്ട്. സ്‌കൂള്‍ കുട്ടികളിലും മറ്റും ഇത് പടരാന്‍ സാധ്യതയേറെയാണ്. ചെങ്കണ്ണ് ബാധിച്ച ആളുടെ കണ്ണില്‍ നോക്കരുത്, രോഗം പകരും എന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ ഇത് സത്യമാണോ.
ഇന്‍ഫെക്ഷനാണ്
നമ്മുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് വരുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഇത്. കണ്ണില്‍ ചുവപ്പ് മാത്രമല്ല, കണ്ണില്‍ നിന്നും വെള്ളം വരിക, രാവിലെ ഉണര്‍ന്ന് കഴിഞ്ഞാല്‍ കണ്ണ് പീള കെട്ടുക എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം. എന്നാല്‍
വൈറല്‍ ചെങ്കണ്ണുണ്ട്. ഇത് വളരെ പതുക്കെയാണ് പടരുക. ഇവര്‍ക്ക് പനി, കടുത്ത തലവേദന, കണ്ണിന് മങ്ങല്‍ എന്നിവയെല്ലാം ഉണ്ടാകാം. ഇതല്ലാതെ അലര്‍ജി പ്രശ്‌നങ്ങള്‍ കൊണ്ട് ചെങ്കണ്ണുണ്ടാകാം. ക്ലോറിനുള്ള വെള്ളം കാരണം, ഉദാഹരണത്തിന് നീന്തല്‍ക്കുളത്തിലും മറ്റും നീന്തുമ്പോള്‍ ഈ പ്രശ്‌നമുുണ്ടാകാം. എന്നാല്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് സാധാരണ കാണുന്നത്.
ഇത്തരം ഇന്‍ഫെക്ഷന്‍
ഇത്തരം ഇന്‍ഫെക്ഷന്‍ കണ്ണില്‍ നോക്കിയത് കൊണ്ട് വരില്ല. അവരുടെ കണ്ണിനെ ബാധിച്ചിരിയ്ക്കുന്ന ബാക്ടീരിയ സ്രവങ്ങളിലൂടെയോ മറ്റോ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇവരുടെ കണ്ണില്‍ നാം തൊടുന്നില്ലെങ്കിലും ഇവരുടെ കണ്ണില്‍ നിന്നും ബാക്ടീരിയ കയ്യില്‍ പറ്റി ഇത് വച്ച് അവര്‍ എവിടെയങ്കിലും പ്രതലത്തില്‍ സ്പര്‍ശിയ്ക്കുന്നു. ഉദാഹരണത്തിന് ഡോര്‍ തുറക്കുന്നു, അല്ലെങ്കില്‍ ഗ്ലാസ് എടുക്കുന്നു. ഇൗ പ്രതലത്തില്‍ ബാക്ടീരിയ ആയിക്കാണും. ഇവിടെ അടുത്തയാള്‍ വന്ന് സ്പര്‍ശിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയ അയാളുടെ കയ്യിലോ ദേഹത്തോ ആകുന്നു. പിന്നീട് ഇത് കണ്ണിലേയ്ക്കും പടരുന്നു.
കണ്ണ് തിരുമ്മാതിരിയ്ക്കുക
ഇത് പടരാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. ഇത് വന്നാല്‍ നല്ലൊരു ഗ്ലാസ് ധരിയ്ക്കാം. കണ്ണിന്റെ നീരൊലിപ്പ് മറ്റുള്ളവരിലേയ്ക്ക് പടരാതെ തടയാം. ഇവര്‍ ഉപയോഗിയ്ക്കുന്ന ടവലും മറ്റും മറ്റുള്ളവര്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. കഴിവതും കയ്യ് സോപ്പിട്ട് കഴുകാം. ഡോക്ടര്‍ നല്‍കുന്ന മരുന്ന് കൃത്യമായി കഴിയ്ക്കാം. കണ്ണ് തിരുമ്മാതിരിയ്ക്കുക. കണ്ണിന് സ്‌ട്രെയിന്‍ നല്‍കാതിരിയ്ക്കുക.
ഐ ഡ്രോപ്‌സ്
വായിക്കുന്നതും മൊബൈലും കമ്പ്യൂട്ടറും ടിവിയുമെല്ലാം കണ്ണിന് സ്‌ട്രെയിന്‍ നല്‍കും. കണ്ണിന് വല്ലാത്ത അസ്വസ്ഥതയുണ്ടെങ്കില്‍ കോള്‍ഡ് പായ്ക്ക് വയ്ക്കാം. കൂടുതല്‍ നേരം വയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. രോഗം മാറുന്നത് വരെ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിയ്ക്കുകയെന്നത് പ്രധാനമാണ്. സൈനിറ്റൈസര്‍ ഉപയോഗിയ്ക്കാം.
കടുത്ത വെളിച്ചവും മറ്റും കാണുമ്പോള്‍ ഇത്തരക്കാര്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാകാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിയ്ക്കാം. കണ്ണ് ഇടയ്ക്കിടെ കഴുകുന്നതും നല്ലതാണ്. ഡോക്ടറെ കണ്ട് നിര്‍ദേശം തേടിയ ശേഷം മാത്രം ഐ ഡ്രോപ്‌സ് ഉപയോഗിയ്ക്കാം.