പ്രമേഹമുള്ളവർ കശുവണ്ടി കഴിക്കുന്നത് കുഴപ്പമുണ്ടോ?
പലരും സ്ഥിരമായി കഴിക്കുന്നതാണ് കശുവണ്ടി അഥവ അണ്ടിപരിപ്പ്. ആരോഗ്യത്തിന് ഇത് പല തരത്തിലുള്ള ഗുണങ്ങളാണ്
നൽകുന്നത്. എന്നാൽ പ്രമേഹകാർക്ക് ഇത് നല്ലതാണോ?
ജീവിതശൈലി രോഗങ്ങളിലെ പ്രധാനിയായി മാറിയിരിക്കുകയാണ് പ്രമേഹം. പലപ്പോഴും ഇന്നത്തെ തിരക്കിട്ട
ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരാൻ സാധിക്കാറില്ല. മധുരവും ഉപ്പുമൊക്കെ
നിറഞ്ഞ ജങ്ക് ഫുഡ്സും ഫാസ്റ്റ് ഫുഡ്സുമൊക്കെ ആണ് പലരുടെയും സ്ഥിര ഭക്ഷണം. എന്നാൽ ഇത് ആരോഗ്യത്തെ വളരെ
മോശമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ
ഏകദേശം 77 ദശലക്ഷം മുതിർന്നവർക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. ഏകദേശം 25 ദശലക്ഷത്തിലധികം പേർക്ക് പ്രീ ഡയബറ്റിക്സ്
അപകടസാധ്യതയും നിലനിൽക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല
അല്ലെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് വെല്ലുവിളിയാണ്.
കശുവണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ
ഡയറ്റി ഫൈബർ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിലെ നാരുകൾ കാർബോഹൈഡ്രേറ്റിൻ്റെ
ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് മികച്ച
ഗ്ലൈസെമിക് നിയന്ത്രണത്തിലേക്ക് നയിക്കുകയും പ്രമേഹത്തെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുകയും
ചെയ്യുന്നു. അതുപോലെ മോണോസാച്യുറേറ്റഡും പോളി സാച്യുറേറ്റഡുമായ ഫാറ്റുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ഹൃദയാരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. ഇൻസുലിന് സഹായിക്കുന്നത മഗ്നീഷ്യത്തിൻ്റെ അളവും ഇതിൽ കൂടുതലാണ്.
അനാവശ്യമായ വിശപ്പിനെ ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും.
കശുവണ്ടി കഴിക്കാമോ?
ധാരാളം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് കശുവണ്ടി. കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്,
ഇത് ഉയർന്ന ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ
സാധ്യത കുറയ്ക്കുകയും ചെയ്യും. സമീപ കാലത്ത് നടത്തിയ ചില പഠനങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്
കുറയ്ക്കാൻ കശുവണ്ടിയ്ക്ക് കഴിയുമെന്നും പറയപ്പെടുന്നു. വൈറ്റമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും ഇതിൽ
ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സും ഇതിൽ വളരെ കുറവാണ്. അതുകൊണ്ട് ധൈര്യമായി ഇത്
കഴിക്കാവുന്നതാണ്.
ഗ്ലൈസമിക് ഇൻഡക്സ്
കശുവണ്ടിപ്പരിപ്പിൻ്റെ ഗ്ലൈസെമിക് സൂചിക 25 ആണ്, ഇത് പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന
കുറഞ്ഞ GI ഭക്ഷണങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണ്. സമീകൃതാഹാരത്തിൽ കശുവണ്ടി ചേർക്കുന്നത് ശരീരഭാരം
നിയന്ത്രിക്കാനോ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാനുമൊക്കെ സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, വൈറ്റ്
ബ്രെഡിന് 80-100 ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് രക്തപ്രവാഹത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
പ്രമേഹമുള്ളവർ എപ്പോഴും ഗ്ലൈസമിക് സൂചിക പരിശോധിച്ച ശേഷം ഊക്ഷണം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.