ഗർഭധാരണം മുതൽ കുഞ്ഞിന് 2 വയസ്സാകുന്നത് വരെ നൽകേണ്ട ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ ആയിരം ദിവസങ്ങളിൽ കുഞ്ഞിന് നൽകുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ മുന്നോട്ടുള്ള ആരോഗ്യത്തിന് അടിസ്ഥാനം.
ഈ പ്രായത്തിൽ മതിയായ പോഷകാഹാരം ലഭിച്ചില്ലെങ്കിൽ കുട്ടിയ്ക്ക് ഭാവിയിൽ ഹൃദ്രോഗം, പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവ വരാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളു. അതിന് ശേഷം മുലപ്പാലിനോടൊപ്പം മറ്റ് ആഹാരങ്ങളും നൽകിത്തുടങ്ങണം.രണ്ട് വയസ്സുവരെ മുലപ്പാൽ കുട്ടിയ്ക്ക് നൽകണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.
ആറാം മാസം മുതലാണ് കുട്ടിയ്ക്ക് മറ്റ് ഭക്ഷണങ്ങൾ നൽകിത്തുടങ്ങേണ്ടത്. ഇത് കൃത്യമായി തുടങ്ങിയില്ലെങ്കിൽ കുട്ടിയ്ക്ക് സാധാരണ ഭക്ഷണത്തോട് വിരക്തിയുണ്ടാകും.എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് എന്നറിയാതെ പോകാനും ഈ ശീലം കാരണമായേക്കാം. അഞ്ച് മുതൽ ആറ് മാസം വരെയുള്ള പ്രായം മുതലാണ് താടിയെല്ലിന്റെ സുപ്രധാനമായ മാറ്റം കുട്ടികളിൽ സംഭവിക്കുക.
ഭക്ഷണം ചവച്ച് കഴിക്കാൻ കഴിയുന്ന രീതിയിലുള്ള ചലനങ്ങൾ താടിയെല്ലിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. കൈയ്യിൽ നിന്ന് വായിലേക്ക് ഭക്ഷണം കഴിക്കുന്ന ശീലവും കുട്ടികളിൽ വികസിക്കുന്നത് ഇക്കാലഘട്ടത്തിലാണ്.
അവരുടെ മോണയുടെ കാഠിന്യവും ഈ കാലഘട്ടത്തിൽ കൂടും. എട്ട് മുതൽ 9 മാസം വരെയുള്ള കാലയളവിൽ വായുടെ പാർശ്വങ്ങളിലേക്കുള്ള നാക്കിന്റെ ചലനവും കുട്ടികളിൽ വികസിക്കും.
മോണയുപയോഗിച്ച് ഭക്ഷണം ചവയ്ക്ക് കഴിക്കാവുന്ന രീതിയിൽ മാറ്റങ്ങൾ കുഞ്ഞുങ്ങളിൽ സംഭവിക്കുന്ന പ്രായം കൂടിയാണിത്. ഈ പ്രായത്തിലാണ് അവർക്ക് ഭക്ഷണം കഴിക്കാനുള്ള പരിശീലനങ്ങൾ നൽകിത്തുടങ്ങേണ്ടത്.കുട്ടികൾക്ക് ഭക്ഷണത്തോടുള്ള താൽപ്പര്യം വർധിപ്പിക്കാനുള്ള ചില വഴികൾ. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ റെസ്‌പോൺസീവ് ഫീഡിംഗ് രീതി പിന്തുടരാൻ ശ്രമിക്കണം.
അതായത് അവരോട് സംസാരിച്ചുകൊണ്ടും കണ്ണുകൾ കൊണ്ടുള്ള ആശയവിനിമയം നിലനിർത്തിക്കൊണ്ടും വേണം ഭക്ഷണം കൊടുക്കാൻ.പുതിയ കാര്യങ്ങൾ ചെയ്യാൻ പൊതുവെ മടികാണിക്കുന്നവരാണ് കുഞ്ഞുങ്ങൾ. അതിനാൽ ഒരു ശീലം അവരിൽ വളർത്തിയെടുക്കാൻ നിരവധി തവണ ആവർത്തിക്കേണ്ടി വരും. അവർ ആ ശീലത്തോട് അനുകൂലമായി പ്രതികരിക്കുന്നത് വരെ ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കണം.
ഈ സമയത്ത് കടയിൽ നിന്നുള്ള ഭക്ഷണം കൊടുക്കുന്നത് നിയന്ത്രിക്കണം. വീട്ടിൽ തന്നെ തയ്യാറാക്കിയ വിവിധ രുചികളിലുള്ള ഭക്ഷണമാണ് കുട്ടികൾക്ക് ആദ്യം നൽകിത്തുടങ്ങേണ്ടത്. ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ വച്ച് കൊടുക്കുന്ന ശീലവും ഒഴിവാക്കണം.സ്വന്തമായി ഭക്ഷണം കഴിക്കാൻ അവരെ ശീലിപ്പിക്കേണ്ടത് ഈ പ്രായത്തിലാണ്.
എട്ട്, ഒമ്പത് മാസമാകുമ്പോഴേക്കും സ്വന്തമായി കസേരയിൽ ഇരിക്കാനും നിവർന്ന് നിൽക്കാനും കുട്ടികൾ ശ്രമിക്കും. ഈ ഘട്ടത്തിൽ അവർക്ക് വേഗത്തിൽ കഴിക്കാൻ കഴിയുന്ന വേവിച്ച പച്ചക്കറികൾ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്നിവ നൽകിത്തുടങ്ങണം.കുറച്ചുകൂടി വലുതാകുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കുന്നതിലേക്ക് കൂടി കുട്ടികളെ ഉൾപ്പെടുത്താൻ ശ്രമിക്കണം.