അതികഠിനമായ ചൂട് കാരണം പുറത്തിറങ്ങാൻ പോലം കഴിയാത്ത അവസ്ഥയിലാണ് പലരും. ചൂടിൻ്റെ കാഠിന്യം ഇനിയും
കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് കാലത്ത് പലപ്പോഴും രോഗങ്ങൾ വരാനുള്ള സാധ്യതയും
വളരെ കൂടുതലാണ്. നല്ല ശ്രദ്ധയില്ലെങ്കിൽ പല തരത്തിലുള്ള രോഗങ്ങൾ പിടിപ്പെട്ടേക്കാം. മഗ്രൈൻ ഉള്ളവർക്ക് ചൂട് കൂടുന്നത്
അനുസരിച്ച് അത് കഠിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഗ്രൈൻ്റെ തല വേദന പലർക്കും സഹിക്കാൻ കഴിയുന്നതിലും വലുതാണെന്ന് തന്നെ പറയാം. അസഹനീയമായ ഈ വേദന ഉണ്ടാകാതിരിക്കാൻ ചൂട് കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് ഏത് തരത്തിലുള്ള തലവേദനയും ഇല്ലാതാക്കാൻ ഏറെ സഹായിക്കും.
ശരീരത്തിൽ നിന്ന് വിയർത്തും അല്ലാതെയും ചൂട് കാലത്ത് ജലാംശം നഷ്ടപ്പെട്ടേക്കാം. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം
കുടിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സാധാരണ വെള്ളം ധാരാളം കുടിക്കുക. സീസണൽ പഴങ്ങൾ ഉപയോഗിച്ച്
ജ്യൂസും കുടിക്കാവുന്നതാണ്. വെള്ളത്തിൻ്റെ കുറവ് ശരീരത്തിലെ ഇലക്ട്രോലൈറ്റ്സിൽ കുറവ് വരുത്താനും മറ്റ് ആരോഗ്യ
പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമായേക്കും.
വെയിൽ കൊള്ളുന്നത്
ചൂട് കാലത്ത് അമിതമായി വെയിൽ കൊള്ളുന്നതും മൈഗ്രേൻ കൂടാനുള്ള ഒരു പ്രധാന കാരണമാണ്. അമിതമായ വെയിൽ
ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുറത്ത് പോകുമ്പോൾ സൺ ഗ്ലാസും അതുപോലെ വെയിൽ ഏൽക്കാതിരിക്കാനുള്ള
മറ്റ് മാർഗങ്ങളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
ശരിയല്ലാത്ത ജീവിതശൈലി
മറ്റൊരു പ്രധാന പ്രശ്നം ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റമാണ്. ചൂട് കാലത്ത് ഭക്ഷണം, ഉറക്കം എന്നിവയിൽ എല്ലാം
ഉണ്ടാകുന്ന മാറ്റം മൈഗ്രേൻ കൂട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരിയായ ഭക്ഷണം ആവശ്യത്തിന് പോഷകങ്ങളും
കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡ്സും വേനൽകാലത്ത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടത്
ഏറെ പ്രധാനമാണ്.
ചായയും കാപ്പിയും വേണ്ട
ചൂട് കാലത്ത് അമിതമായി കഫീനേറ്റഡ് പാനീയങ്ങൾ കുടിക്കാതിരിക്കുന്നതാണ് ഉചിതം. ഇത്തരം പാനീയങ്ങൾ ശരീരത്തിലെ
ജലാംശം കുറയ്ക്കാൻ കാരണമാകും. അന്തരീക്ഷത്തിൽ ചൂട് കൂടുതലായത് കൊണ്ട് തന്നെ ഈ സമയത്ത് ഇവ കുടിക്കുന്നത്
തലവേദന കൂട്ടാൻ കാരണമായേക്കാം. ചൂടുള്ള കാലവസ്ഥയിൽ പരമാവധി ഇത് ഒഴിവാക്കാൻ ശ്രമിക്കുക.