സ്ത്രീകളിലെ അണ്ഡാശയ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ മനസിലാക്കിയാൽ മതിയാകും.
പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
പലപ്പോഴും സ്ത്രീകൾ അവരുടെ ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. 40 കഴിയുന്ന സ്ത്രീകൾ
തീർച്ചയായും ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് വളരെ നിർബന്ധമാണ്. ശാരീരികവും മാനസികവുമായ സന്തോഷം
വളരെ പ്രധാനമാണ്. അതുകൊണ്ട് കൃത്യമായ പരിശോധനകൾ നടത്തി മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.
പൊതുവെ സ്ത്രീകളിൽ കാണപ്പെടുന്ന രോഗങ്ങളിൽ പ്രധാനികളാണ് അണ്ഡാശയ അർബുദവും സ്തനാർബുദവുമൊക്കെ.
ഇതിൽ അണ്ഡാശയ അർബുദത്തെ നേരത്തെ തിരിച്ചറിയാൻ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അടിവയറ്റിലെ മുഴകൾ
അണ്ഡാശയ ക്യാൻസറിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് അടിയവയറ്റിൽ ഉണ്ടാകുന്ന മുഴ. പലപ്പോഴും ഇത്
ശ്രദ്ധിക്കാതെ പോകുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അണ്ഡാശയ ക്യാൻസർ ഉള്ള
സ്ത്രീകളിൽ ഈ പ്രശ്നമുണ്ടാകുന്നു. സ്ത്രീകൾക്ക് മുഴ പോലെ തോന്നിയാൽ കൃത്യമായി വൈദ്യ പരിശോധന നടത്താൻ
ശ്രമിക്കുക. ചിലപ്പോൾ ഇത് രോഗമല്ലെങ്കിൽ പോലും ഒരു പരിശോധ നടത്തുന്നത് നല്ലതാണ്.
എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക
എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്നത് അണ്ഡാശയ ക്യാൻസറിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സാധാരണ
നിലയിൽ നിന്ന് ഇങ്ങനൊരു മാറ്റം സംഭവിച്ചാൽ തീർച്ചയായും വൈദ്യ സഹായം തേടണം. മൂത്രസഞ്ചിയിൽ ട്യൂമറുകൾ
ഉണ്ടാക്കുന്ന സമ്മർദ്ദമാണ് ഇത്തരത്തിൽ എപ്പോഴും മൂത്രമൊഴിക്കാൻ കാരണം.
വയർ വേദന
അമിതമായ വയർ വേദന ഉണ്ടെങ്കിൽ സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പൊതുവെ സ്ത്രീകൾക്ക് ആർത്തല വേദന മൂലം
വയർ വേദന ഉണ്ടാകാറുണ്ട്. എന്നാൽ സാധാരണയേക്കാളും കൂടുതലായി വയർ വേദന എടുക്കുന്നത് സൂക്ഷിക്കണം.
അറുപത് വയസ് കഴിയുന്ന സ്ത്രീകൾ തീർച്ചയായും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ ശ്രമിക്കണം.
എപ്പോഴും വയർ വീർത്തിരിക്കുന്നതും സൂക്ഷിക്കേണ്ട കാര്യമാണ്.
വിശപ്പില്ലായ്മ
പലപ്പോഴും സ്ത്രീകൾക്ക് പെട്ടെന്ന് വിശപ്പ് കുറയുന്നതും ഈ രോഗത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
ഭക്ഷണശൈലിയിൽ മാറ്റം വരുത്തുന്നതും അതുപോലെ വിശപ്പ് കുറഞ്ഞ് പോകുന്നതും ഈ രോഗം കാരണമാകാം.
പതിവ് പോലെ ഭക്ഷണം കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയും സൂക്ഷിക്കണം. പെട്ടെന്ന് വയർ നിറഞ്ഞത് പോലെ
തോന്നുകയാണെങ്കിൽ തീർച്ചയായും രോഗ പരിശോധന നടത്തുക.