പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് മുഖത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാവുക
ലോകത്ത് കോവിഡ് കേസുകൾ വർദ്ധിച്ച പശ്ചാത്തലത്തിൽ ‘മാസ്ക്’ വീണ്ടും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി മാസ്ക് നിർബന്ധമാക്കിയിട്ടുമുണ്ട്. ചുമ, തുമ്മൽ എന്നിവയിലൂടെ പകരുന്ന വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാനാണ് മാസ്ക് ഉപയോഗിക്കുന്നത്. എന്നാൽ മാസ്കുകളുടെ ദീർഘ നേരത്തെ ഉപയോഗം ചർമ്മത്തിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. മാസ്ക് ഉപയോഗിക്കുന്നതുമൂലം മുഖത്ത് ഉണ്ടാകുന്ന പാടുകളോ മുഖക്കുരുവോ ആണ് മാസ്ക്നെ (Maskne).
പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് മുഖത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാവുക. മാസ്കിന്റെ നീണ്ട നേരത്തെ ഉപയോഗവും ഒരേ മാസ്ക് തന്നെ വീണ്ടും ഉപയോഗിക്കുന്നതും. ഇത് രണ്ടും മുഖത്ത് മുഖക്കുരു രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. അതിനാൽ സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നവർ അവ ഒരു തവണ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഉപയോഗിച്ച മാസ്കുകൾ ബാക്ടീരിയകളെ വേഗത്തിൽ ആഗിരണം ചെയ്യുകയും ഓരോ തവണ ഇത് ഉപയോഗിക്കുമ്പോഴും ഈ ബാക്ടീരിയകളുടെയും ഫംഗസിന്റെയും എണ്ണം വർദ്ധിക്കുകയും മുഖത്ത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു. സർജിക്കൽ മാസ്റ്റുകളുടെ ദീർഘ സമയത്തെ ഉപയോഗമാണ് സാധാരണ ഗതിയിൽ മാസ്ക്നെ (Maskne) ഉണ്ടാക്കുന്നത്.
കൂടാതെ ഉപയോഗിക്കുന്ന മാസ്കുകളുടെ സിന്തറ്റിക് മെറ്റീരിയൽ എണ്ണമയമുള്ള ചർമ്മത്തിൽ ഉരസുന്നത് വഴിയും മാസ്ക് ഉപയോഗിച്ച ഭാഗങ്ങളിൽ മുഖക്കുരു വരാൻ സാധ്യതയുണ്ട്.
ഇനി മാസ്ക് ഉപയോഗം മൂലമുള്ള മുഖക്കുരു എങ്ങനെ തടയാം എന്ന് പരിശോധിക്കാം
1. ഓരോ ഉപയോഗത്തിനു ശേഷവും മാസ്കുകൾ മാറ്റുക.
2. വൃത്തിയുള്ള മാസ്കുകൾ ധരിക്കാൻ ശ്രദ്ധിക്കുക
3. ഡിസ്പോസിബിൾ മാസ്കുകൾ ഇടയ്ക്കിടെ മാറ്റുന്നതിലൂടെ ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കാം. ഇത് ചർമ്മത്തിൽ പൊടികൾ അടിഞ്ഞു കൂടാതെ സംരക്ഷിക്കുകയും ചെയ്യും.
4. തുണി മാസ്കുകളോ ഫാബ്രിക് മാസ്കുകളോ ഉപയോഗിക്കുന്നവർ ദിവസവും കഴുകി ഉപയോഗിക്കുക. ഇത് ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ നിങ്ങളെ സഹായിക്കും.
5. നിങ്ങളുടെ മുഖം വൃത്തിയായി സൂക്ഷിക്കുക. ഇതിനായി സാലിസിലിക് ആസിഡ് അടങ്ങിയ മൃദുവായ ക്ലെൻസറുകൾ ഉപയോഗിക്കാം. ഇത് മുഖത്തെ എണ്ണമയം നീക്കം ചെയ്ത് ചർമ്മത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ സഹായിക്കും.
6. മുഖക്കുരു പൊട്ടിക്കുന്നതും ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്പർശിക്കുന്നതും ഒഴിവാക്കുക. മുഖത്ത് ഇടയ്ക്കിടെ കൈകൊണ്ട് തൊടുന്നതിലൂടെ നിങ്ങളുടെ കൈകളിലുണ്ടാകുന്ന അഴുക്ക്, എണ്ണ, ബാക്ടീരിയ തുടങ്ങിയവ നിങ്ങളുടെ മുഖത്തെത്താൻ കാരണമാകും. ഇത് മൂലം മുഖത്തെ സുഷിരങ്ങൾ അടയുകയും മുഖക്കുരു കറുത്ത പാടുകളായി രൂപപ്പെടാനും സാധ്യതയുണ്ട്.
7. ഹൈഡ്രോകല്ലോയിഡ് പാച്ചുകൾ ഉപയോഗിച്ച് മുഖക്കുരു കുറക്കാൻ സാധിക്കും. ഫീലിംഗ് പാച്ചുകൾ മുഖക്കുരു ഉള്ള ഭാഗത്ത് ഒട്ടിച്ച് ഉള്ളിലെ പഴുപ്പ് മാറ്റാം. പാച്ചുകൾ ഉപയോഗിച്ചുള്ള മാറ്റം 6-7 മണിക്കൂറിനുള്ളിൽ തന്നെ മുഖത്ത് കാണാൻ സാധിക്കും.
8. ധാരാളം മുഖക്കുരു ഉണ്ടെങ്കിൽ മേക്കപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. മേക്കപ്പ് ഇട്ടശേഷം മാസ്ക്കുകൾ ഉപയോഗിക്കുന്നത് മുഖത്തെ സുഷിരങ്ങളെ അടയ്ക്കുകയും മുഖക്കുരു രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. മേക്കപ്പിന് പകരം മോയ്‌സ്ചറൈസർ,സൺസ്‌ക്രീൻ, വീര്യം കുറഞ്ഞ ഫേസ് വാഷ്, ക്ലെൻസർ എന്നിവ മുഖത്ത് ഉപയോഗിക്കാം. ദിവസത്തിൽ രണ്ട് തവണ മുഖം വൃത്തിയായി കഴുകണം. ഇവയെല്ലാം ശ്രദ്ധിച്ചാൽ മാസ്ക് മൂലമുള്ള മുഖക്കുരുവിനെ നമുക്ക് തടയാം.