അമിതവണ്ണം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ശ്രദ്ധിക്കാതെ പോകുന്ന പല
കാര്യങ്ങളും അമിതവണ്ണത്തിന് കാരണമായേക്കാം. അമിതഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള വഴികളാണ് പലരും
തേടുന്നത്. വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഭക്ഷണവും വ്യായാമവുമൊക്കെ ഇതിൽ വളരെ
പ്രധാനമാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ആണ് പലപ്പോഴും
അമിതവണ്ണത്തിൻ്റെ പ്രധാന കാരണങ്ങൾ. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ദൈനംദിനത്തിൽ ശ്രദ്ധിക്കേണ്ട ചില
കാര്യങ്ങളുണ്ട്.
പച്ചക്കറികൾ ധാരാളം കഴിക്കണം
പലരും ഭക്ഷണം കഴിക്കുമ്പോൾ ചോറ് കൂടുതലും കറികൾ കുറവുമാണ് എടുക്കുന്നത്. ഇതൊരു തെറ്റായ ശീലമാണ്. വണ്ണം
കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പാത്രത്തിൻ്റെ പകുതിയോളം പച്ചക്കറികൾ വേണം എടുക്കാൻ. കലോറി കുറച്ച്
പോഷകങ്ങൾ കൂട്ടാനുള്ള എളുപ്പ മാർഗമാണിത്. ഇത്തരത്തിൽ പച്ചക്കറികൾ ധാരാളം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ
അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും ഇത്
സഹായിക്കും.
ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കാം
ഭക്ഷണത്തിന് ഇടയ്ക്ക് വെള്ളം കുടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത്
അമിതവണ്ണമുണ്ടാക്കാനുള്ള കാരണമായി മാറും. വെള്ളത്തിൽ സീറോ കലോറിയാണ് ഉള്ളത്. ശരീരത്തിൽ ജലാംശം
നിലനിർത്താനും വിശപ്പ് കുറയ്ക്കാനും ഈ വെള്ളം കുടിക്കുന്ന ശീലം സഹായിക്കും. ഇതിലൂടെ അമിതമായി
കഴിക്കാതിരിക്കാൻ കഴിയും. ദിവസവും ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം പതിവാക്കുക.
മൊത്തത്തിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാനും കലോറി അമിതമാകാതിരിക്കാനും ഇത് സഹായിക്കും.
പ്രോട്ടീൻ
ഭക്ഷണത്തിൽ കൊഴുപ്പിനെ ഒഴിവാക്കി ആവശ്യത്തിന് പ്രോട്ടീനുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ധാരാളം പ്രോട്ടീൻ
കഴിക്കുന്നത് മെറ്റബോളിസം കൂട്ടി വിശപ്പ് കുറയ്ക്കാനും പേശികളെ ബലപ്പെടുത്താനും സഹായിക്കും. മുട്ട, ഇറച്ചി, പാൽ
ഉത്പ്പന്നങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒരോ പ്രധാന ഭക്ഷണത്തിലും 20 മുതൽ 30 ഗ്രാം
പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
വ്യായാമം
ആരോഗ്യത്തോടിരിക്കാൻ ഏറ്റവും പ്രധാനമാണ് വ്യായാമം. ശരീരഭാരം ശരിയായി നിലനിർത്താനും വ്യായാമം സാഹയിക്കും.
നിങ്ങളുടെ ജീവിതശൈലിയും ദൈനംദിന കാര്യങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഒരു വ്യായാമം കണ്ടെത്തി
ദിവസവും ചെയ്യാൻ ശ്രമിക്കുക. നടത്തം, നീന്തൽ, യോഗ പോലെയുള്ള വ്യായാമങ്ങളോ അല്ലെങ്കിൽ മസിൽ
സ്ട്രെങ്ത്തനിങ്ങ് പോലെയുള്ളവയോ ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് ദിവസമെങ്കിലും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ശരീരഭാരം കുറയ്ക്കുന്നതിൻ്റെ പ്രാധാന്യം
നല്ല ആരോഗ്യത്തോടിരിക്കാൻ ശരീരഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദ്രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം
എന്നീ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരഭാരം ശരിയായി നിലനിർത്തുന്നത് സഹായിക്കും. ദൈനംദിന കാര്യങ്ങൾ
ചെയ്യാനുള്ള ഊർജ്ജവും ബലവും ലഭിക്കും. മാത്രമല്ല ശാരീരകവും മാനസികവുമായി സന്തോഷവും നല്ല ഉറക്കവും ലഭിക്കാൻ
നല്ല ശരീരഭാരം നിലനിർത്താൻ ശ്രമിക്കുക.